പ്രണയം സ്ത്രീക്ക് ചങ്ങലയാവുന്നതെപ്പോള്‍?
ഞാനറിഞ്ഞില്ല;
തൊടിയില്‍ വസന്തം വിരുന്നെത്തിയത്,
മൂകതയുടെ കനത്ത തമസ്സിനെ കീറി,
മരച്ചില്ലയിലിരുന്നു കുയിലുകള്‍പാടിയത്;
തഴുകി കടന്നു പോയ തെന്നല്‍
സുഗന്ധം പരത്തിയത്;
പ്രഭാതത്തിലെ മഞ്ഞിന്റെ നനുത്ത കണങ്ങള്‍ കുളിരേകിയത്;
ഒന്നും, എനിക്കുവേണ്ടി ആയിരുന്നില്ലെന്ന്-
ഞാനറിഞ്ഞില്ല!!!
അതോ,
അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിച്ചു
അതിനായി കൊതിച്ചു നിന്നതാണോ?
അറിയില്ല.
ഒരുപക്ഷെ ആയിരിക്കാം...
ജന്മനാല്‍ അന്ധയായ ഒരുവളെയല്ലേ-
നിറങ്ങള്‍ പ്രലോഭിപ്പിക്കാതിരിക്കൂ...
ബധിരയായ ഒരുവളെയല്ലേ,
ഗാനങ്ങള്‍ കൊതിപ്പിക്കാതിരിക്കൂ...
എന്നാല്‍ ഇവള്‍-
ആകാശം മുട്ടെ ഉയര്‍ന്ന
സ്നേഹത്തിന്‍ ചുവരുകളാല്‍ കാഴ്ച മറക്കപ്പെട്ടവള്‍....
പ്രിയരുടെ അനസ്യൂതമോഴുകിയ നാദധാരയാല്‍
കര്‍ണ്ണങ്ങള്‍ നിറക്കപ്പെട്ടവള്‍....
പക്ഷെ,
പെട്ടെന്നൊരു ദിനം ആ മതിലുകള്‍ അപ്രത്യക്ഷമാവുമ്പോള്‍...
ആ നാദധാര മൂകമാവുമ്പോള്‍...
അപ്പോഴാണ് ഇവളറിഞ്ഞത്-
പ്രണയം സ്ത്രീക്ക് ഒരു ചങ്ങല കൂടിയാണെന്ന്.
അപ്പോഴും അവര്‍ പാടുന്നത്
പ്രണയം സ്വാതന്ത്ര്യപ്രഖ്യാപനമേന്നത്രേ!!!
അതെ
അവര്‍ക്ക് പ്രണയം ഒരവസരം മാത്രം.
സ്വതന്ത്ര ലോകത്ത് പറന്നലയുന്നതിനിടയില്‍
കൂട് കൂട്ടാനുള്ള ചില ശിഖരങ്ങള്‍ മാത്രം.